മലയാളം
->
കല, സംസ്കാരം
->
വിവാദം
->
പൂര്‍ണവാര്‍ത്ത
|
അഴീക്കോട് കാര്‍ത്തികേയനെതിരെ
ജനവരി 04, 2004
കോഴിക്കോട്: അന്തരിച്ച എഴുത്തുകാരന്‍ എന്‍.പി. മുഹമ്മദിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സുകുമാര്‍ അഴീക്കോടും മന്ത്രി ജി. കാര്‍ത്തികേയനും ഉടക്കി. സാറാ ജോസഫ് കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് സ്വീകരിക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ചായിരുന്നു ഇരുവരും തമ്മിലുള്ള വാക്പയറ്റ്.
ആദ്യം പ്രസംഗിച്ച മന്ത്രി കാര്‍ത്തികേയനാണ് വിവാദത്തിന് വഴിമരുന്നിട്ടത്. മുത്തങ്ങയിലെ പൊലീസ് ഇടപെടലില്‍ പ്രതിഷേധിച്ച് ഒരു എഴുത്തുകാരന്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്കിയിരുന്നുവെന്നും എന്നാല്‍ ഇതേ സാഹിത്യകാരന്‍ നരേന്ദ്രമോഡിയുടെ പാര്‍ട്ടി ഭരിയ്ക്കുന്ന സര്‍ക്കാര്‍ നല്കിയ അവാര്‍ഡ് യാതൊരു മടിയും കൂടാതെ സ്വീകരിച്ചു എന്ന പരാതിയാണ് കാര്‍ത്തികേയന്‍ ഉന്നയിച്ചത്. സാറാ ജോസഫിന്റെ പേരെടുത്ത് പറയാതെയായിരുന്നു കാര്‍ത്തികേയന്റെ ഈ പരാമര്‍ശം. പ്രതിഭ നഷ്ടപ്പെട്ട സാഹിത്യകാരന്മാര്‍ വിവാദമുണ്ടാക്കാന്‍ വിലകുറഞ്ഞ പബ്ലിസിറ്റിയ്ക്ക് ശ്രമിയ്ക്കുകയാണെന്നും കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ ഇപ്പോള്‍ സാഹിത്യകാരന്മാരിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പക്ഷെ ഇപ്പോള്‍ സാഹിത്യകാരന്മാരും ജനങ്ങളെ മറന്നു പ്രവര്‍ത്തിയ്ക്കുകയാണ്. - മന്ത്രി പറഞ്ഞു.
പക്ഷെ ഇതേ വേദിയില്‍ വൈകുന്നേരം സമാപനച്ചടങ്ങില്‍ സംസാരിക്കാനെത്തിയ സുകുമാര്‍ അഴീക്കോട് മന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ചു. കേരള സര്‍ക്കാരിന് അവാര്‍ഡ് തിരിച്ചേല്പിച്ചതു വഴി സാറാ ജോസഫ് എഴുത്തുകാരി, അധ്യാപിക എന്നീ നിലകളില്‍ അവരുടെ രോഷം പ്രകടിപ്പിയ്ക്കുകയായിരുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എഴുത്തുകാരെ അവരുടെ ചൊല്പടിയ്ക്ക് നിര്‍ത്താന്‍ ശ്രമിയ്ക്കുകയാണ്. സാറാ ജോസഫ് എഴുതിയ ഒരു വരിയെങ്കിലും മന്ത്രിയ്ക്ക് മനസ്സിലാകുമോ എന്നും സുകുമാര്‍ അഴീക്കോട് പരിഹസിച്ചു. സംസ്കാരത്തെക്കുറിച്ച് ആന്റണിയ്ക്ക് കരുണാകരനേക്കാള്‍ അറിവുണ്ടെന്നും അഴീക്കോട് പറഞ്ഞു.
|
|
|
|
|