മലയാളം
->
കല, സംസ്കാരം
->
സാഹിത്യം
->
പൂര്‍ണവാര്‍ത്ത
|
നാലാം ലോകം ചൂടപ്പം
ജൂലൈ 09, 2004
കേരളത്തിലെ പുസ്തകവായനക്കാര്‍ നാലാം ലോകത്തിന് പിന്നാലെ. മാര്‍ക്സിസ്റ് ബുദ്ധിജീവി എം. പി. പരമേശ്വരന്റെ നാലാം ലോകം: സ്വപ്നവും യാഥാര്‍ഥ്യവും എന്ന പുസ്തകം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനുള്ളില്‍ 3,000 പ്രതികള്‍ വിറ്റുപോയി.
പുസ്തകക്കടകളില്‍ നിന്നും പുസ്തകം കിട്ടാതെ മടങ്ങിപ്പോകുന്നവര്‍ ഇതിലേറെ. അതിനാല്‍ ഡിസി ബുക്സ് തിരക്കിട്ട് പുസ്തകത്തിന്റെ മൂന്നാം പ്രതി അച്ചടിച്ചു.
എം. പി. പരമേശ്വരന്റെ വിവാദമായ നാലാം ലോക സിദ്ധാന്തം സംബന്ധിച്ച ലേഖനങ്ങളുടെ സമാഹരമാണ് നാലാം ലോകം: സ്വപ്നവും യാഥാര്‍ഥ്യവും. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുറത്തിറക്കിയ മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞതോടെ ജൂലൈ എട്ട് വ്യാഴാഴ്ച ഡിസി ബുക്സ് പുസ്തകത്തിന്റെ മൂന്നാമത്തെ എഡിഷന്‍ പുറത്തിറക്കി.
തിരുവനന്തപുരം, കണ്ണൂര്‍, തലശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ ഡിസി ബുക്സ് ശാഖകളില്‍ പുസ്തകത്തിനായി ദിവസം 12 പേരെങ്കിലും എത്തുന്നുണ്ടെന്ന് ഡിസി ബുക്സ് ജനറല്‍ മാനേജര്‍ (സെയില്‍സ്) എ. കെ. സുകുമാരന്‍ പറഞ്ഞു. ഡിസി ബുക്സിന്റെ മിക്കവാറും എല്ലാ ശാഖകളിലും പുസ്തകത്തിന് നല്ല ഡിമാന്റുണ്ട്.
ആദ്യമായാണ് ഒരു പഠനഗ്രന്ഥത്തിന് വായനക്കാരില്‍ നിന്നും ഇത്തരമൊരു പ്രതികരണം ലഭിക്കുന്നത്. ചില സിപിഎം ബ്രാഞ്ചുകള്‍ പുസ്തകത്തിന്റെ ഒട്ടേറെ കോപ്പികള്‍ ഒന്നിച്ചുവാങ്ങിച്ചു കൊണ്ടുപോവുന്നുണ്ട്. സിപിഎം അംഗങ്ങള്‍ക്കിടയില്‍ ഈ പുസ്തകം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്- സുകുമാരന്‍ പറഞ്ഞു.
ഡിസി ബുക്സിന്റെ കണ്ണൂര്‍ ശാഖ തുടങ്ങിയതിന് ശേഷം ഇവിടെആകെ ലഭ്യമായിരുന്ന പുസ്തകത്തിന്റെ 325 കോപ്പികളും രണ്ട് ദിവസത്തിനുള്ളില്‍ വിറ്റുതീര്‍ന്നതായി ഡിസി ബുക്സ് കണ്ണൂര്‍ ശാഖ മാനേജര്‍ ടി. ടി. അനീഷ് പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിച്ചതിന് ശേഷം തലശേരി ശാഖയില്‍ നിന്നും ഒരാഴ്ചയ്ക്കുള്ളില്‍ 85 പുസ്തകങ്ങളാണ് വിറ്റത്.
നാലാം ലോക സിദ്ധാന്തം വിവാദമായതിനെ തുടര്‍ന്നാണ് എം. പി. പരമേശ്വരന്‍ സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടത്. അതേ സമയം പരമേശ്വരന് പിന്നാലെ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ഡോ. ബി. ഇക്ബാലിന്റെ സമാനവിഷയം പ്രതിപാദിക്കുന്ന പുതിയ കേരളം, പുതിയ രാഷ്ട്രീയം എന്ന പുസ്തകം വായനക്കാര്‍ക്കിടയില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയിട്ടില്ല.
കഴിഞ്ഞ നൂറ്റാണ്ടില്‍ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ ലോകത്തുണ്ടായ മാറ്റങ്ങള കുറിച്ചുള്ള തന്റെ കാഴ്ചപ്പാടാണ് പരമേശ്വരന്‍ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. മുതലാളിത്ത രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാം ലോകത്തിനും മുന്‍ സോഷ്യലിസ്റ് രാഷ്ട്രങ്ങളുടെ രണ്ടാം ലോകത്തിനും അവികസിതരാജ്യങ്ങളുടെ മൂന്നാം ലോകത്തിനും പുറമെയുള്ള ഒരു നാലാം ലോകമാണ് പുസ്തകത്തില്‍ പരമേശ്വരന്‍ വിഭാവനം ചെയ്യുന്നത്. എല്ലാ പൗരന്മാരും സജീവമായ പങ്കാളിത്തം നിര്‍വഹിക്കുന്ന, ഉപഭോഗത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ലാത്ത വികസനം സാധ്യമാവുന്ന ഒരു ലോകത്തെ കുറിച്ചാണ് പരമേശ്വരന്‍ പുസ്തകത്തില്‍ സ്വപ്നം കാണുന്നത്.
പുസ്തകത്തിന്റെ ആദ്യഭാഗം 1994ല്‍ ശാസ്ത്രസാഹിത്യ പരിഷത്താണ് പുറത്തിറക്കിയിരുന്നത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനായി പരമേശ്വരന്‍ പരിഷത്തുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ശാസ്ത്രപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മുന്‍ഗണന നല്‍കുന്നതിനാല്‍ പരിഷത്ത് പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല.
|
|
|
|
|