തിരുവനന്തപുരം: ഫിലിം ചേമ്പറിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ച് കരാര്‍ ഒപ്പിടാന്‍ യുവ അഭിനേതാക്കള്‍ തയ്യാറാവുന്നു.
നേരത്തേ മാരാ ജാസ്മിന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അമ്മ ഭാരവാഹികള്‍ താരനിശയ്ക്കായി ദുബൈയിലേയ്ക്ക് പുറപ്പെട്ടതോടെ കൂടുതല്‍ അഭിനേതാക്കള്‍ കരാര്‍ ഒപ്പിടാന്‍ തയ്യാറായതായാണ് ഫിലിം ചേമ്പര്‍ അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ പൃഥ്വിരാജും കരാര്‍ ഒപ്പിടാന്‍ തയാറായിരിയ്ക്കുകയാണ്.
അമ്മ പ്രതിനിധികള്‍ ദുബൈയിലേയ്ക്ക് വിമാനം കയറിയാല്‍ ഒട്ടേറെ പേര്‍ ഇവിടെ ഫിലിം ചേമ്പറിന്റെ കരാറില്‍ ഒപ്പിടാന്‍ തയ്യാറാവുമെന്ന് കഴിഞ്ഞ ദിവസം തിരകന്‍ പറഞ്ഞിരുന്നു. അത് ശരിയാവുന്നതായാണ് ഇപ്പോള്‍ കാണുന്നത്.
വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിയ്ക്കാനാണ് പൃഥ്വിരാജ് തീരുമാനിച്ചിരിയ്ക്കുന്നത്. പൃഥ്വിരാജിനൊപ്പം മറ്റ് ചില യുവ അഭിനേതാക്കളും ഇതിന് തയ്യാറായിട്ടുണ്ട്. പുതിയ ചിത്രത്തെക്കുറിച്ച് വിനയന്‍ തന്നെ വാര്‍ത്താ സമ്മേളനം നടത്തി വിവരങ്ങള്‍ പ്രഖ്യാപിയ്ക്കുമെന്ന് ചലച്ചിത്ര ലോകത്ത് വാര്‍ത്തകള്‍ പരക്കുന്നുണ്ട്. സാധാരണ ഇത് പതിവില്ലെങ്കിലും അമ്മയ്ക്കെതിരെയുള്ള ഒരു നീക്കമെന്ന നിലയില്‍ ഫിലം ചേമ്പര്‍ അധികൃതരാണ് ഇതിന് പ്രോത്സാഹനം നല്‍കുന്നത്.
ലാലു അലക്സ്, സുരേഷ് കൃഷ്ണ, തിലകന്‍ എന്നിവര്‍ നേരത്തെ തന്നെ അമ്മയുടെ നിബന്ധനകള്‍ വകവയ്ക്കാതെ ഫിലിം ചേമ്പറുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
പുതിയ സാഹചര്യങ്ങള്‍ അമ്മയില്‍ പിളര്‍പ്പുണ്ടാക്കുമെന്നാണ് ശ്രുതി. ചില ആളുകള്‍ മാത്രം അമ്മയുടെ നേതൃത്ത്വം കൈയടക്കി വച്ചിരിയ്ക്കുകയാണെന്നാണ് പല അഭിനേതാക്കളുടേയും ആരോപണം. അവര്‍ മാത്രം താരനിശയ്ക്കായി ദുബൈയില്‍ പോയി പണം നേടുമ്പോള്‍ മറ്റുള്ളവര്‍ ചിത്രങ്ങളില്ലാതെ ഇവിടെ കുത്തിയിരിയ്ക്കേണ്ടി വരുന്നു. ഇത് പൊറുക്കാനാവില്ലന്ന് തിലകനും മറ്റ് ചില അഭിനേതാക്കളും നേരത്തേ തന്നെ പറഞ്ഞിരുന്നു.
അമ്മയുടെ നേതൃത്ത്വം കൈയാളുന്ന ചില അഭിനേതാക്കള്‍ അവരുടെ രഹസ്യ അജണ്ട സംഘടനയില്‍ നടപ്പാക്കാന്‍ ശ്രമിയ്ക്കുന്നതായാണ് ഇവര്‍ ആരോപിയ്ക്കുന്നത്.