ആദ്യചിത്രം പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ രണ്ട് ചിത്രങ്ങളില്‍ നായിക. വിമലാ രാമന്‍ എന്ന നടിക്കാണ് ഈ അപൂര്‍വഭാഗ്യം.
സുരേഷ് ഗോപിയുടെ ടൈം എന്ന ചിത്രത്തിലൂടെയാണ് വിമലാ രാമന്റെ സിനിമയിലെ അരങ്ങേറ്റം. ചിത്രത്തില്‍ നായകനായ സുരേഷ് ഗോപി അവതരിപ്പിക്കുന്ന അപ്പന്‍ മോനോന്‍ എന്ന പൊലീസ് ഓഫീസറുടെ ഭാര്യ വേഗ എന്ന കഥാപാത്രമാണ് വിമലക്ക് ലഭിച്ചത്. ടൈം പൂര്‍ത്തിയാവുന്നതിന് മുമ്പു തന്നെ രണ്ട് ചിത്രങ്ങളില്‍ കൂടി വിമല നായികയായി.
ടൈമിനു ശേഷം നവാഗത സംവിധായകനായ ഉദയ് ആനന്ദിന്റെ പ്രണയകാലം എന്ന ചിത്രത്തിലാണ് വിമലാ രാമന് നായികയാവാന്‍ അവസരം ലഭിച്ചത്. പ്രണയകഥ പറയുന്ന ചിത്രത്തില്‍ മരിയ എന്ന കഥാപാത്രത്തെയാണ് വിമലാ രാമന്‍ അവതരിപ്പിക്കുന്നത്.
ജയറാം നായകനായ സൂര്യന്‍ ആണ് വിമലാ രാമന്‍ നായികയാവുന്ന മൂന്നാമത്തെ ചിത്രം. മായ എന്ന റേഡിയോ ജോക്കിയായാണ് വിമല ചിത്രത്തില്‍ അഭിനയിക്കുന്നത്. എഫ്എം സ്റേഷനിലെ ഗാനലയം എന്ന പരിപാടിയുടെ അവതാരകയായ മായ ആ പരിപാടിക്കിടെ ജയറാം അവതരിപ്പിക്കുന്ന സൂര്യനെ പരിചയപ്പെടുന്നു. സംഗീതം ഹൃദയത്തിലേറ്റിയ സൂര്യനും മായയും തമ്മില്‍ അസാധാരണമായ ഒരു ബന്ധം പതുക്കെ രൂപപ്പെടുകയാണ്. വി.എം.വിനുവാണ് സൂര്യന്‍ സംവിധാനം ചെയ്യുന്നത്.