മലയാളം
->
ചലച്ചിത്രം
->
അവലോകനം
->
മണ്‍സൂണ്‍ വെഡിംഗ്
|
മണ്‍സൂണ്‍ വെഡിംഗ്: ക്യാമറയുടെ ഉത്സവം
കെ. അരവിന്ദന്‍
 |
| മീരാ നായര്‍ |
നടപ്പ് ശീലങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതില്‍ അതീവശ്രദ്ധാലുവാണ് മീരാ നായര്‍ എന്ന സംവിധായിക. മുഖ്യധാരാ സിനിമയില്‍ നിന്ന് പൂര്‍ണമായും മാറി നില്‍ക്കുമ്പോഴും സമാന്തരസിനിമയുടെ പൊതുരീതികള്‍ കടം കൊള്ളാന്‍ മീരയ്ക്ക് താല്പര്യമില്ല.
സലാം ബോംബെ തൊട്ടുള്ള ഓരോ ചിത്രത്തിലും സാമ്പ്രദായിക ശൈലിയിലുള്ള ഒരു 'ആര്‍ട് ഫിലിം മേക്കര്‍' അല്ല എന്ന് താനെന്ന് മീര വ്യക്തമാക്കിയിരുന്നു. വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ 'മണ്‍സൂണ്‍ വെഡിംഗി'ലും തനിക്ക് തന്റേതായ വഴികളുണ്ടെന്ന് പ്രഖ്യാപിക്കുന്ന ഒരു ചലച്ചിത്രകാരിയുടെ സാന്നിധ്യമുണ്ട്.
'സലാം ബോംബെ'യില്‍ നിന്ന് 'മിസിസിപ്പി മസാല'യിലേക്ക് എത്തുമ്പോള്‍ വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്ന
ഒരു സംവിധായകയെയാണ് മീരാനായരില്‍ കണ്ടത്. 'കാമസൂത്ര- എ ടേല്‍ ഒഫ് ലവ്' വ്യത്യസ്തതയുടെ അടയാളങ്ങള്‍ പതിപ്പിക്കുന്ന മറ്റൊരു ചിത്രമായിരുന്നു. ആത്മാനുകരണത്തിന്റെ ശാപം തന്നെ അലട്ടുന്നില്ലെന്നും പ്രമേയത്തിലും പരിചരണരീതിയിലും പുതുമകള്‍ തേടാന്‍ പ്രതിഭയും കെല്പുമുള്ള ഒരു ചലച്ചിത്രകാരിയാണ് താനെന്നും 'മണ്‍സൂണ്‍ വെഡിംഗി'ല്‍ മീര തെളിയിക്കുന്നു.
സമ്പന്നരായ ഒരു ഇടത്തരം പഞ്ചാബി കുടുംബത്തില്‍ നടക്കുന്ന വിവാഹത്തോടനുബന്ധിച്ചുള്ള ദൃശ്യങ്ങള്‍ ആണ് മീര മണ്‍സൂണ്‍ വെഡിംഗില്‍ പകര്‍ത്തുന്നത്. വിവാഹത്തിനുള്ള തയാറെടുപ്പും വിവാഹ ആഘോഷവുമായി കടന്നുപോകുന്ന നാല് ദിവസങ്ങള്‍. കുടുംബാംഗങ്ങളുടെയും വിവാഹത്തിനായി വീട്ടിലെത്തുന്നവരുടെയും ബന്ധങ്ങളുടെ വൈവിധ്യങ്ങളിലേക്ക് ക്യാമറയുടെ നോട്ടങ്ങളെത്തുന്നു.
ലളിത് വര്‍മയുടെ മകളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങളില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. വര്‍മയുടെ വീട്ടില്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കം ബന്ധുക്കളെത്തുന്നു. വിവാഹമുറപ്പിച്ചു കഴിഞ്ഞിട്ടും വര്‍മയുടെ മകള്‍ അദിഥി മറ്റൊരാളുമായി പ്രണയത്തിലാണ്. അവള്‍ക്ക് ഈ വിവാഹത്തില്‍ ഒട്ടും താത്പര്യമില്ല.
വിവാഹം അടുക്കുമ്പോഴും വിവാഹിതനായുള്ള കാമുകനുമായുള്ള ബന്ധം അതിഥി തുടര്‍ന്നെങ്കിലും ആ ബന്ധത്തിന് ആയുസുണ്ടായില്ല. അവള്‍ തന്റെ പ്രതിശ്രുത വരനോട് തനിക്ക് മറ്റൊരു പുരുഷനുമായുള്ള ബന്ധത്തെ പറ്റി പറഞ്ഞു. ആദ്യം അയാള്‍ ക്ഷുഭിതനായെങ്കിലും അവളെ തന്നെ വിവാഹം കഴിക്കാന്‍ അയാള്‍ തയാറായി. അതോടെ അയാളോടുള്ള അവളുടെ മനോഭാവം മാറി. അവള്‍ അയാളെ സ്നേഹിച്ചുതുടങ്ങി.
 |
| മണ്‍സൂണ്‍ വെഡിംഗില്‍ വസുന്ധരാദാസ് |
ഇതിന് സമാന്തരമായാണ് മറ്റ് ബന്ധങ്ങളിലേക്ക് ക്യാമറയുടെ നോട്ടങ്ങളെത്തുന്നത്. ലളിത് വര്‍മയുടെയും ഭാര്യയുടെയും ബന്ധത്തിലെ വൈചിത്യ്രങ്ങള്‍....വിവാഹത്തില്‍ പങ്കെടുക്കാനായി വീട്ടിലെത്തിയ ബന്ധുവായ പെണ്‍കുട്ടിയുമായി ലളിത് വര്‍മയുടെ മകനുണ്ടാവുന്ന അടുപ്പം... വിവാഹത്തിന് പന്തലൊരുക്കാനായെത്തുന്ന കരാറുകാരന് വേലക്കാരിയോട് തോന്നുന്ന താത്പര്യം.....പ്രണയകാഴ്ചകളുടെ പല ഭാവങ്ങള്‍ ചിത്രത്തിലൊരുങ്ങുന്നു.
വിവാഹം പോലുള്ള സന്ദര്‍ഭങ്ങള്‍ ആഘോഷങ്ങളാക്കുന്ന പഞ്ചാബി ജീവിതത്തിന്റെ ഉത്സവസമൃദ്ധി ചിത്രത്തിലുടനീളം ഒരു പ്രതീതിയായി നിലനില്‍ക്കുന്നുണ്ട്.
ആഘോഷങ്ങളിലേക്ക് തുറന്നുവെച്ച കണ്ണാടിയാണ് ക്യാമറ 'മണ്‍സൂണ്‍ വെഡിംഗി'ല്‍. ജീവിതത്തിന്റെ ഉത്സവാന്തരീക്ഷങ്ങളെ ഒപ്പിയെടുക്കാന്‍ ക്യാമറ അതിസൂക്ഷ്മതയോടെയാണ് മീര ഉപയോഗിക്കുന്നത്. എല്ലാ കഥാപാത്രങ്ങളും ചേര്‍ന്നുള്ള നൃത്തദൃശ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്.
 |
| മണ്‍സൂണ്‍ വെഡിംഗിലെ ഒരു ദൃശ്യം |
ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്ന ഹാന്‍ഡി ക്യാമറയുടെ ഇളക്കങ്ങള്‍ ഉത്സവത്തിന്റെ ഫ്രെയിമുകളെ വ്യത്യസ്തമാക്കുന്നുണ്ട്. കവാലി സംഗീതത്തെ ഓര്‍മിപ്പിക്കുന്ന ഗാനങ്ങള്‍ വളരെ സമര്‍ഥമായി മീര ചില ദൃശ്യങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നു.
പഞ്ചാബിയും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം കൂട്ടിക്കലര്‍ത്തിയാണ് കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്. ഹാന്‍ഡിക്യാമറ മാത്രം ഉപയോഗിച്ച് ഷൂട്ട് ചെയ്ത ചിത്രത്തിലെ മറ്റൊരു പ്രത്യേകതയാണിത്.
അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ തികഞ്ഞ സൂക്ഷ്മതയാണ് മീര പുലര്‍ത്തിയിരിക്കുന്നത്. ലളിത് വര്‍മയായി അഭിനയിക്കുന്ന നസറുദീന്‍ ഷാ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു നടന്റെ തികവ് പ്രകടിപ്പിക്കുന്നുണ്ട്. അദിഥിയെ അവതരിപ്പിച്ചിരിക്കുന്നത് വസുന്ധരാ ദാസാണ്. ലിലെത് ദുബെ, ഷെഫാലി ഷെട്ടി, വിജയ് റാസ്, തിലോത്തമ ഷോമെ, പര്‍വിണ്‍ ദബാസ്, കാമിനി ഖന്ന തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
കൂടുതല്‍ അവലോകനങ്ങള്‍
|
|
|
|
|
|